മാടൻ മോക്ഷം. ദൈവങ്ങളുടെ പരിണാമഗാഥ. നൂറു സിംഹാസനം എന്ന അച്ചുവാർപ്പുകളെ തച്ചുതകർത്ത കൃതിക്കു ശേഷം ജയമോഹനെ വീണ്ടും വായിക്കാനെടുത്തപ്പോൾ അതിൽക്കുറഞ്ഞത് പ്രതീക്ഷിച്ചിരുന്നില്ല. മാടൻ മോക്ഷം അതിൽക്കവിഞ്ഞു നിന്നു. അധികാരശ്രേണിയിൽ താഴേക്കിടയിൽ നിൽക്കുന്നവന്റെ ദൈവത്തിന് അന്നം മുട്ടി, വെള്ളം മുട്ടി, അവന്റെ പ്രജകളെപ്പോലെ അവനും കുരിശുവഴിയിലേക്ക് തിരിയും എന്ന് ഭീഷണിപ്പെട്ടപ്പോൾ, മത-രാഷ്ട്രീയ അച്ചുതണ്ട് ഇടപെട്ട് പദവി ഉയർത്തി അവനെ സനാതനിയാക്കിക്കൊടുത്തു. മനുഷ്യൻ മറുകണ്ടം ചാടിയാൽ സഹിക്കാം. എന്നാൽ ദൈവം അങ്ങനെ ചാടിയാൽ സഹിക്കുമോ?
സാന്ദ്രതയേറിയ സമൂഹവിമർശനം ആക്ഷേപഹാസ്യാത്മകമായി അവതരിപ്പിക്കുന്ന ഒരു കൊച്ചു കൃതി. ജൈവികമായ ദേവസങ്കല്പത്തെ രാഷ്ട്രീയലക്ഷ്യത്തിനായി, കിട മത്സരങ്ങളിൽ ജയിക്കാനുള്ള ഉപായമായി, ചുറ്റുമതിലിനുള്ളിൽ തളച്ചിടുമ്പോൾ ദേവനും യഥാർത്ഥ ഭക്തനുമായുള്ള ആത്മബന്ധം എന്നെന്നേക്കുമായി പറിച്ചെറിയുന്നത് കാണിക്കുന്നു. തനിക്ക് കൈകൂപ്പാനും, ഊട്ടാനും, കൂടെ ഇരുത്താനും, ശകാരിക്കാനും, ഉപദേശിക്കാൻ പോലും സ്വാതന്ത്ര്യമുള്ള ദൈവം, ശ്രീകോവിലിൽ തളയ്ക്കപ്പെടുകയും, കയറി ഒന്ന് കാണാനുള്ള സ്വാതന്ത്ര്യം വിലക്കപ്പെടുകയും ചെയ്യപ്പെട്ട പൂജാരിയുടെ അവസ്ഥ. ഒരുകാലത്തു നാട്ടുകാരുടെ പരമാധികാരിയായിരിക്കുകയും, എന്നാൽ ഇന്ന് സഞ്ചാരസ്വാതന്ത്ര്യവും, ഭക്ഷണസ്വാതന്ത്ര്യവും പോട്ടെ, മനസ്സറിഞ്ഞ് ഒന്ന് ചിരിക്കാൻ പോലും പറ്റാത്ത ദൈവത്തിന്റെ അവസ്ഥ. മാടൻ സ്വാമിക്ക് മോക്ഷമല്ല യഥാർത്ഥത്തിൽ കിട്ടിയതെന്ന തിരിച്ചറിവിലാണ് വായന അവസാനിക്കുക.
1989ൽ തമിഴിൽ രചിക്കപ്പെട്ട കൃതിയുടെ മലയാള പരിഭാഷ ചെയ്തത് രചയിതാവ് തന്നെ. അന്നത്തെ ജീവിതസാഹചര്യങ്ങൾ മാറിയെങ്കിലും സമൂഹമനോഭാവം ഇന്നും അതുതന്നെയെന്ന് ഈ വായനയിൽ നമുക്കു ബോദ്ധ്യപ്പെടും. തദ്ദേശ സാഹിത്യത്തെയും, കലയെയും, സിനിമയെയും, വ്യാപാരത്തെയും, എന്തിന്, ഭക്ഷണത്തെയും വെള്ളത്തെപ്പോലും വിഴുങ്ങുന്ന കുത്തകഭീമന്മാർക്കിടയിൽ ദൈവത്തിന് മാത്രം എന്ത് രക്ഷ?
നൂറ് സിംഹാസനങ്ങൾ വായിച്ചിട്ടുണ്ട്. ഈ പുസ്തകം പരിചയപ്പെടുത്തിയതിന് വളരെ നന്ദി. തീർച്ചയായും വായിക്കും..